October 22, 2010

സൌഹാര്‍ദത്തിന്റെ സന്ദേശം പരത്തിയ ധര്‍മത്രയ സംഗമം


ദോഹ: ബാങ്ക് വിളിയും ശംഖൊലിയും പള്ളി മണിയും ഒരുപോലെ മുഴങ്ങുന്ന കേരളത്തിന്റെ ബഹുസ്വര-ബഹുമത സംസ്കൃതിയെ ഓര്‍മപ്പെടുത്തും വിധം ഇസ്ലാം - ഹിന്ദു - ക്രിസ്ത്യന്‍ പണ്ഡിതന്മാരും പ്രഭാഷണവും ആതിഥേയരായ വിഖ്യാത പണ്ഡിതന്മാരുടെ ആശംസകളും കൊണ്ട് ശ്രദ്ധേയമായ സാംസ്കാരിക സായാഹ്നത്തില്‍ ദോഹ അല്‍ ഗസാല്‍ ക്ലബ് വേദിയായി. ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍, ഖത്തര്‍ കേരളീയത്തിന്റെ സമാപനമായി അന്താരാഷ്ട്ര മതസംവാദ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വനിതകളടക്കം നൂറു കണക്കിനാളുകള്‍ സംബന്ധിച്ചു. അയ്മന്‍ അബ്ദുല്‍ ഖാദറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രൊഫ. പി.വി. സഈദ് മുഹമ്മദ് സ്വാഗതം പറഞ്ഞു. അന്താരാഷ്ട്ര മുസ്ലിം പണ്ഢിതസഭ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്യുദ്ദീന്‍ ഖുറദാഗി ചെയ്ത ഉദ്ഘാടന പ്രസംഗത്തില്‍ സംഘര്‍ഷത്തിന്റെ രീതി കൈവെടിഞ്ഞ് സംവാദത്തിന്റെ സംസ്കാരം സ്വീകരിക്കുകയും പരസ്പരം അറിയാനും അടുക്കാനും സഹവര്‍ത്തിത്വവും സഹകരണവും വളര്‍ത്താനും തയാറായാല്‍ മാത്രമേ ലോകത്ത് നിന്നും കലാപത്തിന്റെ തീ അണക്കാന്‍ കഴിയുകയുള്ളൂ എന്ന് അഭിപ്രായപ്പെട്ടു. ദൈവം തമ്പുരാന്‍ ഭൂമി സൃഷ്ടിച്ചത് വിവിധ മതക്കാരായ മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും സ്വൈരമായും സ്വസ്ഥമായും ജീവിക്കാന്‍ വേണ്ടിയാണ്. അന്‍പത് വര്‍ഷമായി ഇസ്ലാം - ക്രിസ്ത്യന്‍ സംവാദങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും 'ഇസ്ലാം ഫോബിയ' വളര്‍ന്നുവരുന്നത് ആശങ്കാജനകമാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഫലസ്തീനിലും സംഘര്‍ഷങ്ങള്‍ അറ്റമില്ലാതെ തുടരുകയാണ്്്. പരസ്പരം അംഗീകരിക്കാനും അടുത്തറിയാനുമുള്ള സന്നദ്ധതക്ക് പകരം തെറ്റിദ്ധാരണകള്‍ പരത്താനുള്ള ശ്രമങ്ങളാണ് ഏറെയും നടക്കുന്നത്. സോവിയറ്റ് യൂനിയന്‍ ശക്തമായി നിലനിന്നിരുന്ന കാലത്ത് പാശ്ചാത്യ ലോകവും ഇസ്ലാമിക ലോകവും തമ്മിലുള്ള ബന്ധം സൌഹാര്‍ദ്ദപരമായിരുന്നു. കമ്യൂണിസത്തിന്റെ തകര്‍ച്ചയോടെ ഇസ്ലാമിനെ മുഖ്യശത്രുവായി കാണുന്ന നയമാണ് പാശ്ചാത്യ രാജ്യങ്ങള്‍ വെച്ചു പുലര്‍ത്തുന്നത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ജര്‍മനിയുടെ പുനസൃഷ്ടിയില്‍ കാര്യമായ പങ്കുവഹിച്ച തുര്‍ക്കി വംശജരുള്‍പ്പെടെ 50 ലക്ഷത്തോളം അറബ്-മുസ്ലിം ജനവിഭാഗങ്ങളുളള ആ രാജ്യത്തിന് ജൂത-ക്രൈസ്തവ പാരമ്പര്യം മാത്രമേയുള്ളൂവെന്ന അവിടത്തെ നേതാക്കളുടെ പ്രസ്താവനകള്‍ പരിഹാസ്യവും വസ്തുതക്ക് നിരക്കാത്തതാണ്.
ഒരേ പിതാവിന്റെ മക്കളാണ് എല്ലാ മനുഷ്യര്‍ എന്നും ദൈവത്തിന്റെ ആത്മാവിന്റെ അംശം ഓരോ മനുഷ്യരിലുമുണ്ടെന്ന ചിന്തയുമാണ് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നത്. രാഷ്ട്രീയ - സാമ്പത്തിക-സാമൂഹ്യമേഖലകളില്‍ മത ആദര്‍ശഭേദമന്യേ നന്മയില്‍ പരസ്പരം സഹകരിക്കുക എന്ന ആദര്‍ശം നടപ്പില്‍ വരുമ്പോഴാണ് ജനവിഭാഗങ്ങള്‍ക്കിടയില്‍ സൌഹൃദം വളരുക. സ്വന്തം മതാനുയായി ചെയ്യുന്നതാണെങ്കില്‍ പോലും പാപകൃത്യങ്ങള്‍ക്ക് പിന്തുണനല്‍കാന്‍ പാടില്ല. മനുഷ്യവംശത്തിനിടയില്‍ ചിന്താപരമായ വൈജാത്യമുണ്ടാക്കുക എന്നത് ദൈവം തന്നെ അംഗീകരിച്ച യാഥാര്‍ഥ്യമാണ്. സംവാദങ്ങളും സമ്മേളനങ്ങളും മാധ്യമ ശ്രദ്ധയില്‍ വരാനുള്ള പരിപാടികളായി മാറാതെ, മനുഷ്യര്‍ക്ക് സേവനവും കാരുണ്യവും നല്‍കാനുള്ള പ്രചോദനമാകണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഡോ. ഇബ്രാഹിം സാലിഹ് അന്നുഐമി, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ സമ്മേളനം സന്തോഷകരമായ അനുഭവമാണെന്ന് സൂചിപ്പിച്ചു. വിവിധ മതജനവിഭാഗങ്ങള്‍ ജീവിക്കുന്ന ഭാരതത്തിന്റെ മഹത്തായ സാംസ്കാരിക ചരിത്രപാരമ്പര്യമുണ്ട്. ഗുജറാത്ത് സംഭവവും ബാബരി മസ്ജിദിന്റെ തകര്‍ച്ചയും വേദനിപ്പിക്കുന്ന സംഭവങ്ങളാണെങ്കിലും ഇന്ത്യയുടെ സൌഹൃദപാരമ്പര്യത്തെ പോറലേല്‍പിക്കുന്ന ഒന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. അനേകം പത്ര മാസികകള്‍ വായിക്കുന്നവരാണ് മലയാളികള്‍. ജനങ്ങളെ തമ്മില്‍ അടുപ്പിക്കുന്ന പാലമായി അവിടെയുള്ള മാധ്യമങ്ങള്‍ മാറണം. ദില്ലിയില്‍ ഉപരാഷ്ട്രപതി ഹാമിദ് അല്‍ അന്‍സാരി ഉദ്ഘാടനം ചെയ്ത മതസംവാദ സമ്മേളനം ഈ രംഗത്തെ ശ്രദ്ധേമായ നാഴികകല്ലായിരുന്നു. പരസ്പര സൌഹൃദവും സഹകരണവും വളര്‍ത്തുന്നതില്‍ ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. ഭരണകൂടങ്ങള്‍ക്കും സൈന്യത്തിനും മനുഷ്യ ഹൃദയങ്ങളെ നിര്‍ബന്ധപൂര്‍വം അടുപ്പിക്കാന്‍ സാധ്യമല്ല. സാംസ്കാരികവിനിമയവും ചര്‍ച്ചകളുമാണ് അതിനുള്ള മാര്‍ഗം കുടുംബ പുലര്‍ത്താനായി അത്യധ്വാനം ചെയ്യുന്ന പ്രവാസികള്‍ പരസ്പരം ധാരാണ പുലര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഖത്തര്‍ചാരിറ്റി പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഖാലിദ് ഫഖ്റു ആശംസകള്‍ നേര്‍ന്നു. അതിഥികള്‍ക്ക് കെ.എസ്. രാധാകൃഷ്ണന്‍, ആവണി വിജയകുമാര്‍, ഡോ. ഖുര്‍ദാഗി, ഡോ. ഇബ്റാഹീം നുഐമി എന്നിവര്‍ ഉപഹാരം നല്‍കി.

മുഹമ്മദ് പാറക്കടവ്

1 comments:

Abu said...

സൌഹാര്‍ദത്തിന്റെ സന്ദേശം പരത്തിയ ധര്‍മത്രയ സംഗമം ഒരു നല്ല അനുഭവമായി.
തല്‍‌സമയ സം‌പ്രേഷണം വളരെ നന്നായി.

ധര്‍മത്രയ സംഗമംത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍.

Post a Comment