October 27, 2010

ജീവഗന്ധിയായ മതദര്‍ശനം മനുഷ്യരുടെ മൗലികാവശ്യം - സെമിനാര്‍


ദോഹ: വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് വ്യത്യസ്ത മതദര്‍ശനങ്ങളുടെ വക്താക്കള്‍ ശ്രമിക്കേണ്ടതെന്ന് ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിച്ച ധര്‍മത്രയ സംഗമത്തിലെ പ്രസംഗകര്‍ ഓര്‍മപ്പെടുത്തി. പരസ്പരം ആശംസിച്ചും അഭിനന്ദിച്ചും പിരിഞ്ഞുപോയാല്‍ മാത്രം ഇത്തരം സമ്മേളനങ്ങളുടെ ലക്ഷ്യം നേടുകയില്ലെന്നും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചും സാമൂഹിക രംഗങ്ങളില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വം ഇല്ലതാക്കുന്നതിനെക്കുറിച്ചും സത്യസന്ധമായ ചര്‍ച്ചകള്‍ നടക്കുകയും തദനുസൃതമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണമെന്ന് ഫാദര്‍ ഡോ. വിന്‍സെന്‍റ് കുണ്ടുകുളങ്ങര അഭിപ്രായപ്പെട്ടു. ആത്മീയ ദര്‍ശനങ്ങളുടെയും തത്വസംഹിതങ്ങളുടെയും സമാഹാരം എന്നതിലപ്പുറം മനുഷ്യരുടെ പൊള്ളുന്ന പ്രശ്‌നങ്ങള്‍ തൊട്ടറിയുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുകയും ചെയ്യുന്ന ജീവഗന്ധിയായ മതമാണ് നമുക്കാവശ്യം. ഈ മതത്തില്‍ എല്ലാവരും തുല്യരായിരിക്കും. ആഗോളീകരണത്തിന്‍െറ കാലത്ത് ആളുകളെ ഭയമാണ് ഭരിക്കുന്നത്. അപരന്‍ വലുതാകുമ്പോഴുള്ള അസ്വസ്ഥതയാണ് ഇതിന് മുഖ്യകാരണം. നന്മ ചെയ്യുന്നവന്‍െറ ജാതിയും മതവും നോക്കി പിന്തുണക്കുന്ന മനസ്ഥിതിയാണ് ഇന്നുള്ളത്. ഇത് സാര്‍വത്രികനാശത്തിലേക്ക് മാത്രമേ നയിക്കൂ. 35 ലക്ഷം രൂപ വാങ്ങി മെഡിക്കല്‍ കോളജില്‍ സീറ്റ് നല്‍കുകയും ഇരുപതിനായിരം രൂപ സംഭാവന നിശ്ചയിച്ച് കെ.ജി. ക്ലാസില്‍ ചേര്‍ക്കുകയും ചെയ്യുന്ന സഭാ നടപടിക്കെതിരെ പ്രതികരിച്ച് അടി വാങ്ങേണ്ടിവന്ന അനുഭവം തനിക്കുണ്ട്. മതജാതി നിറഭേദം കൂടാതെ സുഖദുഃഖങ്ങള്‍ പങ്കുവെക്കുകയും ആഘോഷങ്ങളില്‍ ഒന്നിച്ച് പങ്കുചേരുകയും ചെയ്യുന്ന അയല്‍പക്ക സംസ്കാരമായിരുന്നു നമ്മുടേത്. അത് കൈമോശം വന്നപ്പോഴാണ് സമ്മേളനങ്ങള്‍ ചേര്‍ന്ന് സൗഹൃദത്തെക്കുറിച്ച് കൃത്രിമപ്രഭാഷണങ്ങള്‍ നടത്തേണ്ടിവന്നത്. പഴയ സാധാരണ ജീവിതരീതിയിലേക്ക് തിരിച്ചുപോവുന്നതാണ് എറ്റവും നല്ലത്. വസന്ത ഋതുവിന്‍െറ വരവ് പ്രപഞ്ചത്തില്‍ പുതു ജീവന്‍ നല്‍കുന്നത് പോലെയാണ് മഹാപുരുഷന്മാരുടെ വരവ് മനുഷ്യര്‍ക്കിടയില്‍ സൗഹൃദത്തിന്‍െറ പരിമളം പരത്തുന്നതെന്ന് സ്വാമി സച്ചിദാനന്ദ പ്രസ്താവിച്ചു. വിവിധ മതങ്ങളുടെ ബാഹ്യരൂപമായ ആചാരാനുഷ്ഠാനങ്ങളില്‍ സ്വാഭാവികമായും വ്യത്യാസം കാണും. എന്നാല്‍ ഈശ്വരസ്വരൂപം ഒന്നേയുള്ളൂ. ആ സത്യത്തെ പ്രാപിക്കാനുള്ള ആചാരങ്ങളിലേ ഭിന്നതയുള്ളൂ. സ്വന്തം അനുയായികളിലെ പുരോഹിതന്മാരുടെ കപടതകളെ തുറന്നുകാട്ടാന്‍ യേശു ക്രിസ്തു ആര്‍ജവം കാട്ടി. തന്‍െറ പള്ളിയില്‍ സംഭാഷണത്തിനെത്തിയ പാതിരിമാര്‍ക്ക് അവരുടെ രീതിയില്‍ പ്രാര്‍ഥിക്കാന്‍ മുഹമ്മദ് നബി അവസരം നല്‍കി. ശ്രീനാരായണ ഗുരു പഠിപ്പിച്ച ധര്‍മഗിരിയിലെ പ്രാര്‍ഥനയില്‍ യേശുവും മുഹമ്മദ് നബിയും ഇന്നും ഓര്‍മിക്കപ്പെടുന്നു. ഇത്തരം മഹനീയ മാതൃകകളാണ് നാം പിന്‍പറ്റേണ്ടത്. നിര്‍ബന്ധ മതപരിവര്‍ത്തനമല്ല, അറിവും വിവേകവും വഴി നേടുന്ന മനപരിവര്‍ത്തനമാണ് നമുക്കാവശ്യം.
കൊച്ചുകുട്ടികളുടെ മദ്യപാനവും സൈബര്‍ കുറ്റകൃത്യങ്ങളും ഉള്‍പ്പെടെയുള്ള ഭയാനകമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മൂല്യങ്ങളുടെയും ധര്‍മത്തിന്‍െറയും വക്താക്കള്‍ മുന്നോട്ട് വരണമെന്ന് വി.എം. ഇബ്‌റാഹീം അഭിപ്രായപ്പെട്ടു. കാരുണ്യത്തിന്‍െറ പര്യായമായാണ് ഇസ്‌ലാം ദൈവത്തെ പരിചയപ്പെടുത്തുന്നത്. സഹജീവികള്‍ തമ്മിലുള്ള ബന്ധത്തില്‍ നൈതിക മൂല്യങ്ങള്‍ പാലിക്കാതെ ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യ ഇടപാടായി മതത്തെ കാണുന്നതാണ് ഇന്ന് അനുഭവിക്കുന്ന അനേകം ദുരിതങ്ങള്‍ക്ക് മുഖ്യ കാരണം.
സംവാദ സമ്മേളനത്തിന്‍െറ സന്ദേശം ഈ അന്തരീക്ഷവും കടന്ന് കലഹത്തിന്‍െറ കഥ പറയുന്ന നമ്മുടെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും എത്തണമെന്ന് ഡോ. അബ്ദുസ്സലാം വാണിയമ്പലം ഉപസംഹാരത്തില്‍ പറഞ്ഞു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എസ്. രാധാകൃഷ്ണന്‍ നന്ദിരേഖപ്പെടുത്തി.

0 comments:

Post a Comment