April 30, 2011

അക്ഷര സ്‌നേഹികളുടെ നിറഞ്ഞ സദസ്സില്‍ "ആടുജീവിത'ത്തിന്‍െറകഥാകാരന് ആദരംദോഹ: മറ്റുള്ളവര്‍ക്ക് കെട്ടുകഥകളായിതോന്നാനിടയുള്ള മരുഭൂമിയില്‍ ആടുകളോടൊപ്പം ജീവിച്ച് ദാഹിച്ച് വലഞ്ഞ മനുഷ്യരുടെ കഥ രചിച്ചതിലൂടെ പ്രശസ്തനായി മാറിയ എഴുത്തുകാരന്‍െറ പ്രഭാഷണം നിറഞ്ഞ സദസ്സ് ക്ഷമാപൂര്‍വം കേട്ടിരുന്നു. ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ വാനയക്കൂട്ടം മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച വൈകുന്നേരം നോവലിസ്റ്റ് ബെന്യാമിന് നല്‍കിയ സ്വീകരണ യോഗത്തില്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ജീവിതഭാരങ്ങളുമായി ഗള്‍ഫിലെത്തുന്ന ഓരോ പ്രവാസിയും ഓരോ കഥാപാത്രമാണെന്നും അവരില്‍ പലരുടെയും അനുഭവങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് വിചിത്രമായി തോന്നാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആടുജീവിതം ഒരു കേട്ടെഴുത്താണെന്ന ആരോപണം താന്‍ അഭിമാനത്തോടെയാണ് സ്വീകരിക്കുന്നത്. നമ്മുടെ എഴുത്തുകാരുടെ ഒരു പരിമിതി അവര്‍ കേള്‍ക്കാന്‍ തയാറാകുന്നില്ല എന്നതാണ്. ഓരോ വിമര്‍ശനവും എഴുത്തിലേക്കുള്ള വഴിവിളക്കായാണ് താന്‍ കാണുന്നത്.
കഥാകൃത്ത് സുരേഷ് രാമന്തളി, എം.ഇ.എസ് സ്കൂളിലെ മലയാളം അധ്യാപകന്‍ മൊയ്തീന്‍ മാസ്റ്റര്‍, എഫ്.സി.സി വനിതാവേദി അസി. കണ്‍വീനര്‍ പ്രഫുല്ല സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്യൂടെക് മാനേജിംഗ് ഡയറക്ടര്‍ അബ്ദുര്‍റഷീദ് ബെന്‍യാമിന് ഉപഹാരം നല്‍കി. താജ് ആലുവ എന്‍േറാസള്‍ഫാന്‍ വിരുദ്ധ പ്രമേയം അവതരിപ്പിച്ചു.
തുടര്‍ന്നുനടന്ന നോവല്‍ ചര്‍ച്ച സുബൈര്‍ അബ്ദുല്ല നിയന്ത്രിച്ചു. അക്കാദമി അവാര്‍ഡുകളെക്കാള്‍ പ്രോല്‍സാഹജനകമാണ് അനുവാചകര്‍ നടത്തുന്ന ചര്‍ച്ചയെന്നും അനേകം പേരുടെ ഉറക്കംകെടുത്തിയ കൃതിയാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. എം.ടി. നിലമ്പൂര്‍ നോവല്‍ ആസ്വാദനം നടത്തി. പിറന്ന മണ്ണില്‍നിന്നും പരിചയമുള്ള ഋതുഭേദങ്ങളില്‍നിന്നും വിട്ടകന്ന് അപരിചിതമായ ചുറ്റുപാടുകളിലേക്ക് പോകേണ്ടിവരുന്ന പ്രവാസിയുടെ എഴുതപ്പെടേണ്ട ചരിത്രത്തിന്‍െറ ഒരു ചീന്താണ് ആടു ജീവിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫൈസല്‍ അബൂബക്കര്‍ "ജീവിതം ആടു - നീ' എന്ന കവിത അവതരിപ്പിച്ചു. കെ.സി. അബ്ദുന്നാസര്‍, കരീം മാസ്റ്റര്‍, അബ്ദുല്‍ അസീസ് നല്ലവീട്ടില്‍, സി.ആര്‍. മനോജ്, ഷഫീഖ് ക്യൂടെക്, വി.കെ.എം. കുട്ടി, അബ്ദുല്‍ അസീസ് കൂളിമുട്ടം, ആദിത്യന്‍ കാതിക്കോട്, തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചയില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ബെന്യാമിന്‍ മറുപടി പറഞ്ഞു. സോമന്‍ പൂക്കാട് സ്വാഗതവും പി.വി. ലജിത്ത് നന്ദിയും പറഞ്ഞു. മുഹമ്മദ് പാറക്കടവ്, റഫീഖ് മേച്ചേരി, ബിലാല്‍, മുഹ്‌സിന്‍ ഷരീഫ്, ഷറിന്‍, അന്‍വര്‍ബാബു സി.പി. എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ:
ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ വാനയക്കൂട്ടം നോവലിസ്റ്റ് ബെന്യാമിന് നല്‍കിയ സ്വീകരണ യോഗത്തില്‍ ക്യൂടെക് മാനേജിംഗ് ഡയറക്ടര്‍ അബ്ദുര്‍റഷീദ് ബെന്‍യാമിന് ഉപഹാരം നല്‍കുന്നു

0 comments:

Post a Comment