January 15, 2012

ശക്തമായ പ്രതികരണ ബോധമുള്ളവരാകുക: മുരുകന്‍ കാട്ടാക്കട

അക്രമരഹിത സമരങ്ങള്‍ നടത്തി പ്രതികരിക്കുകയും സമൂഹത്തില്‍ ശക്തമായ പ്രതികരണ ബോധം സൃഷ്ടിക്കുകയും ചെയ്യണമെന്ന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു. ഫ്രന്റസ് കള്‍ച്ചറല്‍ സെന്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സമൂഹം മുഴുവന്‍ മാനസിക വിഭ്രാന്തിയില്‍ കഴിയുമ്പോഴും പ്രതികരിക്കാതിരിക്കുകയെന്നത് രോഗ ഗ്രസ്ഥമായ ഒരു കാലത്തെയാണ് കുറിക്കുന്നതെന്ന് മുല്ലപ്പെരിയാര്‍ സംഭവത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തമിഴരെ തഴഞ്ഞുകൊണ്ടും തമിഴ് സിനിമകള്‍ കാണാതിരുന്നുകൊണ്ടുമെല്ലാം ഏത് സാധാരണക്കാരനും പ്രതികരിക്കാവുന്നതേയുള്ളൂ. ചരിത്രത്തിന്റെ ക്രൂരതകള്‍ക്കു മുമ്പില്‍ എഴുത്തുകാരന് നോക്കി നില്‍ക്കുക സാധ്യമല്ലെന്നും സാമ്രാജ്യത്ത്വത്തിനെതിരെയുള്ള ചൂണ്ടുവിരലായിരുന്നു 'ബാഗ്ദാദ്' എന്ന തന്റെ കവിതയെന്നും അദ്ദേഹം പറഞ്ഞു. വര്‍ത്തമാന പത്രങ്ങളിലെ ചിത്രങ്ങള്‍ കണ്ടും വിവരണങ്ങളോടുമുള്ള പ്രതികരണമായിരുന്നു ആ വരികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരപരാധികളായ മനുഷ്യരെ അറ്റംബോംബിട്ട് പരീക്ഷിച്ച് കൊല്ലുകയും മനുഷ്യ വിരുദ്ധമായി സമാനതകളില്ലാത്ത ക്രൂരതകളുടെ പരമ്പരയാണ് അമേരിക്ക അതിന്റെ ചരിത്രത്തില്‍ തുന്നിച്ചേര്‍ത്തിട്ടുള്ളത്. അതിലൊന്നുമാത്രമാണ് 'ഇറാഖ്' എന്നും അദ്ദേഹം പറഞ്ഞു. ബാഗ്ദാദിനെക്കുറിച്ചെഴുതുമ്പോള്‍ സദ്ദാമിനെക്കുറിച്ചാണ് ജനങ്ങള്‍ ചോദിക്കുന്നതെന്നും എന്നാല്‍ ജനാധിപത്യത്തിന്റെ അളവുകോലുകള്‍ വെച്ച് ഏകാധിപതികളെ അളക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ആവിഷ്‌ക്കാരത്തിന്റെ അടയാളപ്പെടുത്തലുകള്‍ മനുഷ്യരിലും ജീവികളിലുമെല്ലാമുള്ളതിനാലാണ് രചനകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും യുദ്ധമില്ലാത്ത ഒരു സമൂഹത്തെ വരും തലമുറക്ക് നല്‍കണമെന്നാണ് കവിതകളുടെയും തന്റെയും പ്രാര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു. തിരക്കുകളില്‍ പെട്ട്, കൂടിയിരിക്കാന്‍ വൈമനസ്സ്യമുള്ളവരുടെ ലോകത്താണ് നാം ജീവിക്കുന്നത്. സമൂഹമായിരിക്കുകയെന്നത് പോലും പ്രതിസന്ധിയായ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. തീക്ഷണമായ കെട്ടുകാഴ്ചകളില്‍ അഭിരമിക്കുന്ന ജഢിക സ്വഭാവമാണ് മനുഷ്യരില്‍ ഇന്നു കാണുന്നത്. കാഴ്ചകള്‍ എത്ര തീവ്രമായാലും നോക്കിനിന്ന് ആസ്വദിക്കുന്നവരും അതിനെ ക്യാമറകളിലേക്കും ചാനലുകളിലേക്കും പകര്‍ത്തുന്ന നിസ്സംഗരായവരുടെതാണ് ഈ സമൂഹം. അദ്ദേഹം പറഞ്ഞു. മാനവികതയാണ് തന്റെ രാഷ്ട്രീയമെന്നും ജാതിമതിലുകള്‍ക്കപ്പുറത്ത് മാനവിക ചിന്തയാണുണ്ടാവേണ്ടത്. ഹൃദയത്തിന് ശരിയെന്ന് തോന്നുന്നതാണ് താന്‍ വിളിച്ചു പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കവിത ചൊല്ലുന്നതിലും ശാസ്ത്രമുണ്ടെന്നും കവിതയുടെ ഊര്‍ജവും ആത്മാവും അറിഞ്ഞുകൊണ്ട് വാക്കുകള്‍ അര്‍ഹിക്കുന്ന വൈകാരികതയില്‍ കുട്ടികളെ കവിത പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശങ്കര്‍(സംസ്‌കൃതി) ആശംസകളര്‍പ്പിച്ചു. എഫ്.സി.സി കലാസാഹിത്യവേദി കണ്‍വീനര്‍ എ.വി.എം. ഉണ്ണി അധ്യക്ഷത വഹിച്ച പരിപാടിയില്‍ അസി. കണ്‍വീനര്‍ സി.അര്‍. മനോജ് സ്വാഗതവും എഫ്.സി.സി എശ്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി സമാപന പ്രഭാഷണവും നടത്തി.

0 comments:

Post a Comment