January 31, 2012

ഇറോം ഷര്‍മിള: പ്രതികരണ ശബ്ദങ്ങള്‍ക്ക് കരുത്തു പകരുന്നു

നിയമ പരിരക്ഷ ഉന്നതരില്‍ പരിമിതപ്പെടുകയും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇറോം ഷര്‍മിളയെന്ന മണിപ്പൂരി കവി നടത്തുന്ന ധീരോദാത്തമായ ഗാന്ധിയന്‍ ഉപവാസ സമരം, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കാനും പ്രതികരിക്കാനും കരുത്ത് നല്‍കുന്നതാണെന്ന് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ഇറോം ഷര്‍മിളയുടെ ജീവിതവും പോരാട്ടവും ആസ്പദമാക്കി പോരാട്ടവീര്യത്തിന്റെ 12 വര്‍ഷങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിച്ച വനിതാ ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അയല്‍പക്കക്കാരന്റെ കണ്ണീര്‍ കാണാതെ പോവുകയും ടി.വി സീരിയല്‍ പരമ്പരക്ക് മുമ്പിലിരുന്ന് കരഞ്ഞ് മൂക്ക് പിഴിയുകയും നിസാര പ്രശ്‌നങ്ങള്‍ക്ക് ഹര്‍ത്താലുകളും പണിമുടക്കുകളും നടത്തുന്നവരും വര്‍ഷങ്ങളായി നടക്കുന്ന മനുഷ്യാവകാശ ധ്വംസനത്തിനുനേരെ കണ്ണടക്കുകയാണ്. ഇറോം ഷര്‍മിള ഉന്നയിക്കുന്ന ആവശ്യം മണപ്പൂരിന്റെ മാത്രം പ്രശ്മാണെന്ന് ധരിക്കുന്നു. അത് മനഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റമായി കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അവര്‍ക്ക് ശക്തമായ ബഹുജന പിന്തുണ ലഭിക്കാത്തത്. ഇന്ത്യന്‍ ജനത ഉണരണമെങ്കില്‍ വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്കയും ചര്‍ച്ചയില്‍ പങ്കുവെക്കപ്പെട്ടു. വനിതാവേദി ജനറല്‍ കണ്‍വീനര്‍ ഡോ. ഫഹീമ വിഷയം അവതരിപ്പിച്ചു. ചെറുപ്പം മുതലേ സാധാരണ ജനങ്ങള്‍ക്ക എതിരായി സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ കണ്ടാണ് ഇറോം ഷര്‍മിള വളര്‍ന്നത്. 11 വര്‍ഷം നീണ്ട നിരാഹാര സമരത്തിനൊടുവിലും അവരുടെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്തുന്നത് തന്റെ ഉള്ളില്‍ ജ്വലിക്കുന്ന പ്രതിഷേധാഗ്നിയുടെ ശക്തിയാകാമെന്ന് അവര്‍ പറഞ്ഞു. സമൂഹത്തിനും രാജ്യത്തിനും ദ്രോഹം ചെയ്യുന്ന അതിക്രമങ്ങളെല്ലാം തന്നെ ഏതെങ്കിലും കുടുംബത്തില്‍, ഏതെങ്കിലുമൊരു മാതാവിന്റെ മകനായോ, മകളായോ വളര്‍ന്ന് വന്നവരായിരിക്കുമെന്ന് ചര്‍ച്ച ഉപസംഹരിച്ചു സംസാരിച്ച പി.വി. റഹ്മാബി ടീച്ചര്‍ പറഞ്ഞു. കുടുംബങ്ങളില്‍നിന്ന് ലഭിക്കേണ്ട സ്‌നേഹവും പരിഗണനയും ശിക്ഷണവും ലഭിക്കാതെ വളര്‍ന്നു വരുന്ന മക്കളാണ് പില്‍ക്കാലത്ത് രാജ്യദ്രോഹികളും അക്രമികളുമായി മാറുന്നത്. ഇത്തരം വ്യക്തികള്‍ അധികാര സ്ഥാനങ്ങളിലെത്തുമ്പോള്‍ തങ്ങളുടെ അധികാരം ജനങ്ങള്‍ക്ക് ദ്രോഹകരമായ രീതിയില്‍ പ്രയോഗിക്കുന്നു. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ അതിനെതിരെ പ്രതികരിക്കുന്നു. അതാണ് ഇറോം ഷര്‍മിള ചെയ്യുന്നത്. അവരുടെ പോരാട്ടം ഫലം കാണുക തന്നെ ചെയ്യും അവര്‍ കൂട്ടിച്ചേര്‍ത്തു. വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം പി.വി. റഹ്മാബി ചര്‍ച്ചയില്‍ സംബന്ധിച്ചു. ഫ്രഫുല്ല സുരേഷ്, ശ്രീജ വര്‍ഗീസ്, റജീന, ബീന രാധാകൃഷ്ണന്‍, നഹ് യ, ജംഷി, സൈഫുന്നിസ, മറിയം, എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. വനിതാവേദി എക്‌സിക്യുട്ടീവ് അംഗം നഹ്‌യ നസീര്‍ സ്വാഗതവും അസി. കണ്‍വീനര്‍ ഫ്രഫുല്ല സുരേഷ് നന്ദിയും പറഞ്ഞു. (ഫോട്ടോ: പി.വി. റഹ്മാബി ഉപസംഹാര പ്രസംഗം നിര്‍വഹിക്കുന്നു)

0 comments:

Post a Comment