February 4, 2012

ഡോ. സുകുമാര്‍ അഴീക്കോട് അനുസ്മരണം


കലഹങ്ങള്‍ ലഹളകളാകുന്ന കാലത്ത് കലഹത്തിലൂടെ ശുദ്ധീകരണ പ്രക്രിയക്ക് നേതൃത്വം നല്‍കിയ മഹദ് വ്യക്തിത്വമായിരുന്നു യശശ്ശരീരനായ സുകുമാര്‍ അഴീക്കോടെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് സന്തോഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. നിലപാടുകളല്ല വെളിപാടുകളാണ് വേണ്ടത്. അക്ഷരത്തിന്റെ ആത്മാവിനെകണ്ട അഴീക്കോട് മാഷ്, സോറി എന്ന പറയുന്നവരെ ശകാരിക്കുമായിരുന്നു. ക്ഷമിക്കണം എന്ന പറയുമ്പോഴാണ് മലയാളത്തിന്റെ ആത്മാവിനെ തൊട്ടറിയുന്നത്. വലിയ രാഷ്ട്രീയ അര്‍ഥങ്ങളുള്ള വാക്കുകള്‍ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. യുദ്ധങ്ങള്‍ ശാശ്വതമല്ല; സമാധാനമാണ് ശാശ്വതം. അഴീക്കോട് മാഷ് എപ്പോഴും പറയുമായിരുന്നു. ചരിത്രത്തിലേക്ക് പലതും ഏച്ചുകെട്ടുന്നതിനെ സുകുമാര്‍ അഴീക്കോട് നിശിതമായി വിമര്‍ശിക്കുമായിരുന്നു. എഫ്.സി.സി സംഘടിപ്പിച്ച സുകുമാര്‍ അഴീക്കോട് അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകായിരുന്നു അദ്ദേഹം.
പൗരാണികരുടെ പ്രൗഢമായ പൈതൃക ഓര്‍മകളില്‍ അഭിരമിച്ചിരുന്ന അഴീക്കോട് മാഷിന്റെ വിയോജിപ്പുകള്‍ക്ക് രാഷ്ട്രീയ മുണ്ടായിരുന്നില്ല. വ്യക്തി നിഷ്ടമായിരുന്നു. ആശയപരമായി സമരസപ്പെടുമ്പോഴാണ് തര്‍ക്കമവസാനിക്കുന്നത്. എം.ടി, പത്മനാഭന്‍, മോഹന്‍ലാല്‍ തുടങ്ങിയവരോടുള്ള അഭിപ്രായ വ്യത്യാസത്തെ ഈ നിലയില്‍ കാണാനാവുമെന്ന് രാജന്‍ ജോസഫ് പറഞ്ഞു.
പെണ്ണും പിടക്കോഴിയുമില്ലാത്ത സുകുമാര്‍ അഴീക്കോടെന്നാണ് ബഷീര്‍ മാഷെക്കുറിച്ച് പറഞ്ഞതെന്നും പ്രഭാഷണ കലയിലെ കുലപതിയായിരുന്ന അഴീക്കോടിന് പ്രസംഗ കലയില്‍ പകരം വെക്കാന്‍ ആളില്ലെന്നും മുഹമ്മദ് പാറക്കടവ് അഭിപ്രായപ്പെട്ടു.
അബ്ദുല്‍ അസീസ് കൂളിമുട്ടം, വി.കെ.എം. കുട്ടി, ഇഖ്ബാല്‍ ചേറ്റുവ, ഫരീദ് തിക്കോടി, എന്നിവര്‍ സംസാരിച്ചു. ആവണി വിജയകുമാര്‍ സ്വാഗതം പറഞ്ഞു. ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു.

ഫോട്ടോ: അനുസ്മരണയോഗത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് സന്തോഷ് ചന്ദ്രന്‍ സംസാരിക്കുന്നു

0 comments:

Post a Comment