February 15, 2012

ജനകീയ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടില്ല


ശക്തമായ ജനകീയ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ വാര്‍ത്തകളോ സംഭവങ്ങളോ തമസ്‌കരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയില്ലെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം അവാര്‍ഡ് നേടിയ റജി. ആര്‍. നായര്‍ പി.ആര്‍. പ്രവീണ എന്നിവര്‍ അഭിപ്രായപ്പെട്ടു. അവാര്‍ഡ് ജേതാക്കള്‍ക്ക് എഫ്.സി.സി വനിതാവേദി സംഘടിപ്പിച്ച അനുമോദന യോഗത്തോടനുബന്ധിച്ച് നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകായിരുന്നു ഇരുവരും.
ന്യൂസ് റിപ്പോര്‍ട്ടിംഗില്‍ ഒരു പരിധിയിലധികം മാനേജ്‌മെന്റ് ഇടപെടുന്നത് റിപ്പോര്‍ട്ടറുടെ ക്രെഡിബിലിറ്റിയെ ബാധിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ മാനേജ്‌മെന്റുകള്‍ ഒരു പരിധിക്കപ്പുറം നിയന്ത്രണങ്ങള്‍ക്ക് മുതിരാറില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മനോരമ റിപ്പോര്‍ട്ടറായ പി.ആര്‍. പ്രവീണ പറഞ്ഞു. വാര്‍ത്തകളോട് വൈകാരികമായി പ്രതികരിക്കുന്നത് അഭിലഷണീയമല്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. മരുന്ന് മാഫിയയെ സംബന്ധിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടാണ് പ്രവീണയെ അവാര്‍ഡിനര്‍ഹയാക്കിയത്.
ആവശ്യമായ അവയവം ലഭിക്കാത്തതുകൊണ്ട് മാത്രം മിനിറ്റില്‍ ഒരാള്‍ എന്ന നിരക്കില്‍ മരണം നടക്കുന്ന രാജ്യമാണ് ഇന്ത്യ. മസ്തിഷ്‌ക മരണം നടന്നു കഴിഞ്ഞ ഒരാളുടെ അവയവങ്ങള്‍ ദാനം ചെയ്യുകയാണെങ്കില്‍ ചുരുങ്ങിയത് അഞ്ചു പേര്‍ക്ക് ഉപകാരപ്പെടും. എന്നാല്‍ ബന്ധുക്കളുടെ നിസ്സഹകരണത്തേക്കാളുപരി പലപ്പോഴും നിയമപരമായ തടസ്സങ്ങളാണ് അവയവദാനം അപ്രാപ്യമാക്കാറുള്ളത്. തന്നെ അവാര്‍ഡിനര്‍ഹയാക്കിയ ലേഖന പരമ്പരയെക്കുറിച്ച് സംസാരിക്കവെ മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആയ റജി.ആര്‍. നായര്‍ പറഞ്ഞു.
സമന്വയ സാഹിതിയുടെ ചെറുകഥാ പുരസ്‌കാരം നേടിയ ഷീലാ ടോമി, ശാദിയ അലി, ഫ്രാറ്റേണിറ്റി ഫോറം സംഘടിപ്പിച്ച പ്രബന്ധ-കവിതാ രചന മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയ അമല്‍ ഫര്‍മീസ് എന്നിവരേയും യോഗത്തില്‍ അനുമോദിച്ചു. അനുഭവങ്ങള്‍ കൂടൂതല്‍ തീക്ഷണമായി അവതരിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് ഷീലാ ടോമി അഭിപ്രായപ്പെട്ടു.
ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റജീന അലി സ്വാഗതവും ശ്രീജ വര്‍ഗീസ് നന്ദിയും പറഞ്ഞു.

0 comments:

Post a Comment