March 4, 2012

കേരളത്തിന്റെ മാലിന്യപ്രശ്‌നം: പൊതുബോധം ഉണരണം - സംവാദസദസ്സ്

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മാലിന്യവിരുദ്ധ ജനകീയ സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 'നിലപാടുകള്‍ മലിനമാകുമ്പോള്‍ മാലിന്യവണ്ടികള്‍ക്ക് ആരു മണികെട്ടും' എന്ന തലക്കെട്ടില്‍ എഫ്.സി.സി ചര്‍ച്ചാ വേദി സംവാദ സദസ്സ് സംഘടിപ്പിച്ചു. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാലിന്യവിരുദ്ധ സമരങ്ങള്‍ വര്‍ഗസമരത്തിന്റെ ഭാഗമായി കാണണമെന്നും സാധാരണക്കാരന്റെ മേലുള്ള അധീശവര്‍ഗത്തിന്റെ കടന്നുകയറ്റമാണെന്നും വിഷയമവതരിപ്പിച്ച് സംസാരിച്ച എഫ്.സി.സി കാഴ്ച സമിതിയംഗം രാജന്‍ ജോസഫ് അഭിപ്രായപ്പെട്ടു. പരിസ്ഥിതി രാഷ്ട്രീയത്തില്‍ നിന്നുപിന്‍വലിയുമ്പോഴാണ് മാലിന്യ പ്രശ്‌നം ഉദ്ഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തി ശുചിത്വം വളരെ പ്രധാനമാണെന്നും ഇത്തരം പ്രശ്‌ന പരിഹാരത്തിന് വ്യക്തികള്‍ തന്നെയാണ് മുന്‍കൈയെടുക്കേണ്ടതെന്ന് ഇന്‍കാസ് പ്രതിനിധി അഡ്വ. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. വ്യക്തികള്‍ക്കുമാത്രം ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും സംസ്‌കൃതി പ്രസിഡന്റ് പി.എന്‍. ബാബുരാജ് പറഞ്ഞു. നികുതിപ്പണം ഇത്തരം കാര്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാലിന്യ പ്രശ്‌നത്തില്‍ യൂറോപ്യന്റെ സമീപനം കപടമാണെന്നും വ്യക്തിപരമായും അവരുടെ രാഷ്ട്രങ്ങൡും പരിഹാരം കാണുമെങ്കിലും അവരുടെ ഉച്ഛിഷ്ടം മുഴുവന്‍ തള്ളുന്നത് മൂന്നാം ലോക രാജ്യങ്ങളുടെ മുഖത്തേക്കാണെന്ന് എഫ്.സി.സി കലാസാഹിത്യവേദി അസി. കണ്‍വീനര്‍ സി.ആര്‍. മനോജ് പറഞ്ഞു. മതസാംസ്‌കാരിക സംഘടനകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കണമെന്ന് കെ.എം.സി.സി പ്രതിനിധി കോയ കൊണ്ടോട്ടി അഭിപ്രായപ്പെട്ടു. കൃത്യമായ ആസൂത്രണത്തോടെ വ്യക്തിയും കുടുംബവും സമൂഹവും ഭരണകൂടവും ഒന്നിച്ചു പ്രവര്‍ത്തിച്ചെങ്കിലേ മാലിന്യ നിര്‍മാര്‍ജനം സാധ്യമാകുകയുള്ളൂവെന്ന് ഐ.വൈ.എ കേന്ദ്ര കൂടിയാലോചനാസമിതിയംഗം ഹക്കീം പെരുമ്പിലാവ് അഭിപ്രായപ്പെട്ടു. വ്യക്തി ശുചിത്വം വളരെ പ്രധാനമാണെങ്കിലും ഈ വിഷയത്തില്‍ ഭരണകൂടവും സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും തുടരുന്ന മലിന സമീപനങ്ങളാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നതെന്നും വരേണ്യവര്‍ഗത്തിന്റെ എച്ചില്‍ പേറാന്‍ വിധിക്കപ്പെട്ട സാധാരണക്കാരന്റെ കൂടെ നില്‍ക്കാത്ത മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളുടെയും പിന്തുണയില്ലാതെയാണ് ലാലൂരിലും വിളപ്പില്‍ ശാലയിലുമെല്ലാം ജനീകയ സമരങ്ങള്‍ രൂപപ്പെട്ടു വരുന്നതെന്നും എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി പറഞ്ഞു.
അരുണന്‍, അബ്ദുല്‍ അസീസ് കൂളിമുട്ടം, വി.കെ.എം. കുട്ടി, റഫീഖുദ്ദീന്‍ പാലേരി, പ്രദോഷ് കുമാര്‍, നവാസ് , മന്‍സൂര്‍, അനസ് കണിയാപുരം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എഫ്.സി.സി ചര്‍ച്ചാവേദി കണ്‍വീനര്‍ സഈദ് മുഹമ്മദ് ചര്‍ച്ച നിയന്ത്രിച്ചു.

ഫോട്ടോ: സംവാദ സദസ്സില്‍ എഫ്.സി.സി കാഴ്ച സമിതിയംഗം രാജന്‍ ജോസഫ് വിഷയമവതരിപ്പിച്ച് സംസാരിക്കുന്നു

0 comments:

Post a Comment