May 27, 2012

ആശങ്കാജനകമായ കേരളീയ വര്‍ത്തമാനങ്ങള്‍ പങ്കുവെച്ച് എഫ്.സി.സി തുറന്ന ചര്‍ച്ച


ദോഹ: വര്‍ത്തമാനലോകം മനസ്സിലാക്കപ്പെട്ട രാഷ്ട്രീയത്തിലെ മനുഷ്യത്വമില്ലായ്മയെ തുടച്ച് നീക്കി മാനവികതയെ രാഷ്ട്രീയ സമൂഹികതയില്‍ വിളക്കിച്ചേര്‍ക്കാനുതകുന്ന വ്യക്തമായ ആലോചനകള്‍ നടക്കണമെന്ന് മീഡിയ ഫോറം പ്രസിഡന്റ് സന്തോഷ് ചന്ദ്രന്‍ പറഞ്ഞു. ആശങ്കാജനകമായ കേരളീയ വര്‍ത്തമാനം എന്ന തലക്കെട്ടില്‍ ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച തുറന്ന ചര്‍ച്ചയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയാംശത്തെ പാടേ അവഗണിച്ച് കൊണ്ടുള്ള രാഷ്ട്രീയ പടയോട്ടങ്ങള്‍ അവസാനിപ്പിക്കണം. മാനവിക മാനുഷിക ധാര്‍മ്മിക സദാചാരബോധമുള്ള ഒരു സമൂഹം സജീവമാകുന്നതിലൂടെ മാത്രമേ സമൂഹത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കപ്പെടുകയുള്ളൂ, സന്തോഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
നന്മയുടെ ഉറവകള്‍ സമൂഹത്തിന് വേണ്ടി ഒഴുകാത്ത അവസ്ഥ, എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്ത ദുരവസ്ഥ, സൌഹൃദത്തില്‍ പോലും കൃത്രിമത്വത്തിന്റെ വേഷപ്പകര്‍ച്ച. എല്ലാം കൂട്ടിവായിക്കുമ്പോള്‍ എന്തൊക്കെയോ കൈമോശം വന്നിരിക്കുന്നു. ക്രൂരതയെ വ്യവഹരിക്കാന്‍ മൃഗീയത എന്ന പ്രയോഗം സാധ്യമാകാത്ത വിതാനത്തില്‍ സമൂഹം എത്തപ്പെട്ടിരിക്കുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച എം ടി നിലമ്പൂര്‍ പറഞ്ഞു.
എല്ലാമേഖലകളിലും ഈ ദുര്‍ഭൂതം അഴിഞ്ഞാട്ടം നടത്തുന്നു. ഊഴം തീരും മുമ്പ് പുതിയ പുതിയ ചൂഷണ തന്ത്രങ്ങള്‍ ആകര്‍ഷണീയമായ ഓമനപ്പേരുകളില്‍ അവതരിപ്പിച്ച് തങ്ങളുടെ ആധിപത്യം ശക്തമാക്കുന്നുവെന്നത് ആശങ്കയുണര്‍ത്തുന്നുണ്ടെന്നും പൌരന്റെ മൌലികമായ അവകാശങ്ങളെയും ആവശ്യങ്ങളേയും നിരാകരിക്കുന്നതില്‍ കൂസലില്ലാത്ത അധികാരികളുടെ മോഹന വാഗ്ദാനങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകുന്നതില്‍ ആശങ്കയുണ്ടെന്നും ചര്‍ച്ച അഭിപ്രായമുയര്‍ന്നു. കേരളീയ സമൂഹത്തിലെ വിപഌകരമായ മാറ്റങ്ങള്‍ക്ക് സന്ധിയില്ലാതെ സമരം നടത്തി എല്ലാവിധ പീഡനപര്‍വങ്ങളും അഭിമുഖീകരിച്ച വിപഌ പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താനും ഒറ്റിക്കൊടുക്കാനും ശ്രമിക്കുന്നവരുടെ കുത്സിത ശ്രമങ്ങളുടെ വിജയം താല്‍കാലികം മാത്രമാണെന്നാണ് മുന്‍ അനുഭവങ്ങളില്‍ നിന്നുള്ള പാഠമെന്ന് സംസ്‌കൃതി പ്രതിനിധി ബാബു അഭിപ്രായപ്പെട്ടു.
നവോത്ഥാന നായകന്മാര്‍ നടത്തിയ വീര ചരിത്രങ്ങളുടെ പിതൃത്വം ഏറ്റെടുക്കാനും അതിന്റെ ചരിത്ര പരിസരം തങ്ങളുടെ കൂടെ ചരിത്രമാക്കി ഉദ്ധരിക്കുകയുമാണ് ഇടതുപക്ഷം. എന്നാല്‍ സമുദ്ധാരണ പ്രക്രിയയില്‍ ഈശ്വര വിശ്വാസികളും അല്ലാത്തവരുമായ ഓരോ പ്രസ്ഥാനവും തങ്ങളുടെതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്ന് റഫീഖ് പുറക്കാട് വിലയിരുത്തി. ആശയങ്ങള്‍  പരാജയപ്പെടുമ്പോള്‍ ആയുധം എടുക്കുക എന്നത് സര്‍വ്വസാധാരണ സംഭവമാക്കിയിരിക്കുന്നു.മാനവികതയുടെ മഹത്തായ ആശയങ്ങളെ സ്വാംശീകരിക്കുന്ന രാഷ്ട്രീയ സമസ്യകള്‍ ഉരുത്തിരിയേണ്ടിയിരിക്കുന്നു കോയ കൊണ്ടോട്ടി വിശദീകരിച്ചു.
ഒരു കൊച്ചു ബാലികയെ മുറ്റത്തേയ്ക്ക് കളിക്കാന്‍ വിടാന്‍ പോലും അമ്മമാര്‍ ഭയപ്പെടുന്ന ചീഞ്ഞു നാറിയ സാമൂഹിക വ്യവസ്ഥയുടെ കലികാലത്ത് സാമൂഹിക ശുദ്ധികലശത്തിന് ജനകീയ ഇടപെടലുകളിലൂടെ പരിഹാരം കാണാന്‍ സാധ്യമായേക്കുമെന്ന് ഫരീദ് തിക്കൊടി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
തകിടം മറിഞ്ഞ സമൂഹത്തെ നേരെയാക്കാന്‍ മാനവികതയെ ഉണര്‍ത്തുന്ന ദര്‍ശനങ്ങളെ അവസരോചിതം ഉപയോഗപ്പെടുത്തണമെന്ന് പി.പി റഹീം അഭിപ്രായപ്പെട്ടു.
കാപട്യമായ വിനിമയ താല്‍പര്യങ്ങളുടെ സംരക്ഷണത്തിന് പ്രചാരണങ്ങളിലൂടെ തങ്ങളുടെ നിരീക്ഷണങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുകയും വിറ്റഴിക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അസ്വസ്ഥതകളും അക്രമണങ്ങളും ഉടലെടുക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് അസീസ് മഞ്ഞിയില്‍ പറഞ്ഞു.
ഒരു പക്ഷത്തിനെതിരെയുള്ള ആരോപണം മറ്റൊരു ആരോപണം കൊണ്ട് നേരിടുന്ന രീതിയിലേയ്ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അധഃപ്പതിച്ചിരിക്കുന്നു.നാടിന്റെ വര്‍ത്തമാനകാല ആശങ്കകള്‍ പങ്ക്‌വയ്ക്കുമ്പോള്‍ പോലും വ്യത്യസ്ത വീക്ഷണമുള്ളവര്‍ പുലര്‍ത്തുന്ന ബോധപൂര്‍വമുള്ള അതി സൂക്ഷ്മത നമ്മെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് ചര്‍ച്ച നിയന്ത്രിച്ചുകൊണ്ട് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കീഴിശ്ശേരി പറഞ്ഞു. ആത്മീയാംശത്തെ പാടേ അവഗണിച്ച് കൊണ്ടുള്ള രാഷ്ട്രീയ പടയോട്ടങ്ങള്‍ അവസാനിപ്പിക്കണം. സമൂഹ നന്മ കാംക്ഷിക്കുന്നവര്‍ മുന്‍ വിധികളില്ലാത്ത അന്വേഷണങ്ങളിലാണ് വ്യാപൃതരാവേണ്ടത്. 'അക്രമ രാഷ്ട്രീയത്തോട് ഞങ്ങളിതാ വിട പറഞ്ഞിരിക്കുന്നു' എന്ന് സാമൂഹിക രാഷ്ട്രീയ മേഖലകളിലെ നായകന്മാരും നേതാക്കളുംപ്രതിജ്ഞയെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പൊതു സമൂഹത്തിന്റെ ബോധമണ്ധലം സദാ ജാഗ്രവത്തായിരിക്കണം .എങ്കില്‍ മാത്രമെ ജനാധിപത്യ പ്രക്രിയയുടെ സദ് ഫലങ്ങള്‍ സമൂഹത്തിന് ഉപകാരപ്പെടുകയുള്ളൂ.മാനവിക മാനുഷിക ധാര്‍മ്മിക സദാചാരബോധമുള്ള ഒരു സമൂഹം സജീവമാകുന്നതിലൂടെ മാത്രമേ സമൂഹത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കപ്പെടുകയുള്ളൂ - ഹബീബുര്‍റഹ്മാന്‍ ഓര്‍മ്മിപ്പിച്ചു. കരുണാകരന്‍ മാസ്റ്റര്‍ കാര്‍ട്ടൂണ്‍ വരച്ച് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. നവാസ് എം. ഗുരുവായൂര്‍, മന്‍സൂര്‍, വി.കെ.എം. കുട്ടി, റഫീഖ് മേച്ചേരി, മുഹമ്മദ് ഒഞ്ചിയം, സി.കെ. ബഷീര്‍, റഫീഖ് മേച്ചേരി, അനസ് കണിയാപുരം, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ജബ്ബാര്‍ തിരൂര്‍, ഹാഫിസ് റഹ്മാന്‍ കൊണ്ടോട്ടി, സുനില്‍ പെരുമ്പാവൂര്‍, വി.ആര്‍. വിന്‍സെന്റ്, മജീദ് പറമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ:
ചര്‍ച്ചയില്‍ ഐ.എം.എഫ് പ്രസിഡന്റ് സന്തോഷ് ചന്ദ്രന്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുന്നു

0 comments:

Post a Comment