June 28, 2012

ലോക ലഹരി വിരുദ്ധ ദിനാചരണം ശ്രദ്ധേയമായി


ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററുമായി സഹകരിച്ച് ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.  ലഹരിക്കെതിരെ സാമൂഹ്യ കൂട്ടായ്മ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മാനവരാശിയുടെ സമാധാനപൂര്‍ണമായ നിലനില്‍പാഗ്രഹിക്കുന്ന ഓരോരുത്തരും ഈ ഉദ്യമത്തില്‍ പങ്കാളികളാവണമെന്നും സെമിനാറില്‍ വിഷയമവ തരിപ്പിച്ച് സംസാരിച്ച ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു.

ലഹരിയുടെ തീരാകയങ്ങളില്‍ ഹോമിക്കപ്പെടുന്ന യൗവ്വനങ്ങള്‍ നിരവധിയാണ്. കേരളീയ ജീവിതത്തിന്റെ സാമൂഹികാന്തരീക്ഷം ലഹരിയുടെ ഇരുണ്ട തീരങ്ങളിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്.  രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ സ്‌ക്കൂള്‍ കുട്ടികളും യുവാക്കളുമൊക്കെ ലഹരിക്കടിപ്പെട്ട് നാശത്തിന്റെ ആഴങ്ങളിലേക്ക് നീങ്ങുമ്പോള്‍ , കുടുംബബന്ധങ്ങള്‍ ശിഥിലമാവുകയും അരാചകത്വം നടമാടുകയും ചെയ്യുമ്പോള്‍, നമുക്ക് കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക വൈദ്യശാസ്ത്രവും മനഃശാസ്ത്രവും ലഹരി ഉപഭോഗത്തിന് കാരണമായി പറയുന്നത് മാനസിക സംഘര്‍ഷം, സുരക്ഷിത ബോധമില്ലായ്മ, ജീവിത പ്രയാസങ്ങള്‍, തകര്‍ന്ന ദാമ്പത്യം, മാനസിക വൈകല്യങ്ങള്‍  എന്നിവയൊക്കെയാണെന്നും  വ്യക്തമായ ജീവിത വീക്ഷണമില്ലായ്മയും ദൈവ വിശ്വാസത്തിന്റെ അഭാവവും ഈ രംഗത്തെ പ്രധാന പ്രേരക ശക്തികളാണെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത ആന്റി സ്‌മോക്കിംഗ് സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുല്‍ റഷീദ് പറഞ്ഞു.
ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗവും വിതരണ വിപണനങ്ങളും ആരോഗ്യപരവും സാമൂഹികവും മാനസികവുമായ ഒട്ടേറെ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുന്നതോടൊപ്പം തന്നെ ആഗോള സുരക്ഷിതത്വത്തിനും സാമ്പത്തിക വളര്‍ച്ചക്കും ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. 
ലഹരി  ഉപഭോഗമെന്നത് നിയന്ത്രിക്കുവാനും, പ്രതിരോധിക്കുവാനും ചികില്‍സിക്കാനും കഴിയുന്ന ഒരു സാമൂഹ്യ തിന്മയാണെന്നും. ശക്തമായ ബോധവല്‍ക്കരണം, കണിശമായ നിയമ വ്യവസ്ഥ, ജനകീയമായ പ്രചാരണ പരിപാടികള്‍ മുതലായവയിലൂടെ ലഹരി പദാര്‍ഥങ്ങളുടെ നിര്‍മാണവും വിതരണവും കുറക്കുകയും ഡിമാന്റ് ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥക്ക് മാറ്റം വരുത്താനാകുമെന്നും ചടങ്ങില്‍ സംസാരിച്ച സിജി ഖത്തര്‍ ചാപ്റ്റര്‍ സ്ഥാപക പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ. പി. നൂറുദ്ധീന്‍ അഭിപ്രായപ്പെട്ടു.
വര്‍ഷം തോറും 210 ദശലക്ഷം പേര്‍ വിവിധതരം ലഹരി പദാര്‍ഥങ്ങള്‍ക്കടിപ്പെടുന്നുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ഇതില്‍ രണ്ട് ലക്ഷം പേരെങ്കിലും പ്രതിവര്‍ഷം ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗം കാരണം മരണപ്പെടുന്നു. ലക്ഷക്കണക്കിനാളുകള്‍ ജീവച്ഛവങ്ങളായി നാടിനും വീടിനും സമൂഹത്തിനും തന്നെ ഭാരമായി മാറുന്നു. ഈ പ്രതിസന്ധി പരിഹരിക്കുവാന്‍ സമാനചിന്താഗതിക്കാരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ചര്‍ച്ച നിയന്ത്രിച്ച ആന്റി സ്‌മോക്കിംഗ് സൊസൈറ്റി  സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
സള്‍ഫര്‍ കെമിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ അഹ് മദ് തൂണേരി അധ്യക്ഷത വഹിച്ചു.
സുനില്‍ പെരുമ്പാവൂര്‍( ക്യൂ മലയാളം) , അബ്ദുല്‍ ഗഫൂര്‍ ( ഹാസല്‍ ഖത്തര്‍), ഫരീദ് തിക്കോടി ( ഗാപാക്) റഹീം മൗലവി , അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍( മീഡിയ പഌസ്) സംസാരിച്ചു.
ഖത്തറിലെ പ്രമുഖ കലാകാരന്മാരായ ബിജുരാജ്, വാസു വാണിമേല്‍, കരുണാകരന്‍ പേരാന്പ്ര, സീത മേനോന്‍, രാം മോഹന്‍, മുരളി ചെല്ലപ്പന്‍, ചൈത്ര സോമനാഥ്, സജ്ഞയ് ചപോല്‍ക്കര്‍ എന്നിവരുടെ ലഹരിവിരുദ്ധ പ്രമേയത്തിലുള്ള ലൈവ് പെയിന്റിംഗായിരുന്നു പരിപാടിയുടെ മറ്റൊരു പ്രത്യേകത. ജലച്ഛായത്തിലും അക്രലിക്കിലും തീര്‍ത്ത ലഹരിവിരുദ്ധ പെയിന്റിംഗുകള്‍ ഓരോ കലാകാരനും വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്തു.0 comments:

Post a Comment