December 29, 2012

സ്ത്രീത്വത്തെ അംഗീകരിക്കുന്ന മാനവിക ബോധം രൂപപ്പെടണം - എഫ്.സി.സി ചര്‍ച്ച



സ്ത്രീ കേവല ശരീരമല്ല. അവളുടെ അസ്തിത്വത്തെ അംഗീകരിക്കുന്ന മാനവിക ബോധം രൂപപ്പെടണം. തെരുവില്‍ നിന്നുള്ള ലൈംഗിക പാഠങ്ങളല്ല നമ്മുടെ തലമുറയുടെ വിദ്യാഭ്യാസമാകേണ്ടത്. ലൈംഗിക സദാചാരത്തിന് മേലുള്ള അഴിച്ചുപണിയാണ് ആവശ്യം. ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ദല്‍ഹി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച 'ദല്‍ഹി: ഒരു ഓര്‍മപ്പെടുത്തലാണ്' ചര്‍ച്ചാ സദസ്സില്‍ പങ്കെടുത്തവര്‍ ഐക്യപ്പെട്ടു.
അടിസ്ഥാന പ്രശ്‌നത്തിന് മൗലിക പരിഹാരം സ്ത്രീപക്ഷവാദമാണോ മാര്‍ക്‌സിസ്റ്റ് വാദഗതിയാണോ, മതധാര്‍മിക മാനവിക വാദമാണോ വേണ്ടത് എന്നതില്‍ പ്രാസംഗികര്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും തെരുവില്‍ നിന്ന് ലഭിക്കുന്ന  ലൈംഗിക വിദ്യാഭ്യാസംകൊണ്ടു ജീവിക്കുന്ന ഒരു സമൂഹം പ്രണയിക്കാതെ രതി സാധ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന വഷളത്തരം തന്നെയാണ് ഇന്ത്യന്‍ - കേരളീയ സാഹചര്യങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും പൊതുവെ അംഗീകരിക്കപ്പെട്ടു. സഹികെട്ട മനുഷ്യരുടെ പ്രതിഷേധമാണ് ദല്‍ഹിയില്‍ നടന്നതെങ്കിലും അരുന്ധതി റോയ് ഉന്നയിച്ച ദലിതരും ന്യൂനപക്ഷങ്ങളും കാശ്മീരിലും ഛതീസ്ഗഡിലും മറ്റും ക്രൂര പീഢനങ്ങള്‍ക്ക് വിധേയമായപ്പോള്‍ കാണിച്ച മധ്യവര്‍ഗ സമൂഹത്തിന്റെ കുറ്റകരമായ മൗനം കാണാതിരുന്നുകൂടെന്നും പ്രസംഗകര്‍ ഓര്‍മിപ്പിച്ചു. വ്യത്യസ്ത വീക്ഷണക്കാരുടെ വാദങ്ങളുടെ ചൂടും ചൂരും നിറഞ്ഞുനിന്ന ചര്‍ച്ച വേറിട്ടൊരനുഭവമായി. ഷീല ടോമി വിഷയമവതരിപ്പിച്ചു. ശ്രീകല ടീച്ചര്‍, ഫരീദ് തിക്കോടി, ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, എം.ടി. നിലമ്പൂര്‍, നാസര്‍ മാസ്റ്റര്‍, രാജന്‍ ജോസഫ്, റഫീഖ് പുറക്കാട്, നവാസ് മുക്രിയകത്ത്, സുനില്‍ പെരുമ്പാവൂര്‍, പ്രദോഷ് കുമാര്‍, പ്രഫുല്ല സുരേഷ്, സുധീര്‍ എം.എ, രാമചന്ദ്രന്‍ വെട്ടുകാട്ട്, അസീസ് കൂളിമുട്ടം, സി.ആര്‍. മനോജ്, മുഹമ്മദ് കോയ തങ്ങള്‍, അന്‍വര്‍ ബാബു, റഫീഖുദ്ദീന്‍ ഖാന്‍, തന്‍സീം, വി.കെ. വീരാവു, ശംസീര്‍ എന്നിവര്‍ സംസാരിച്ചു. എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.


ഫോട്ടോ
എഫ്.സി.സി. സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സില്‍ ശ്രീകല ടീച്ചര്‍ സംസാരിക്കുന്നു
(Photo by - Badarudheen)

0 comments:

Post a Comment