April 16, 2013

'സൗഹ്യദ കേരളം' സാംസ്‌കാരിക സമ്മേളനം ഏപ്രില്‍ 26. പ്രമുഖര്‍ സംബന്ധിക്കും.


ദോഹ ഇന്റര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫെയ്ത് ഡയലോഗുമായി സഹകരിച്ച് ഫ്രന്റസ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന 'സൗഹ്യദ കേരളം' സാംസ്‌കാരിക സമ്മേളനം ഏപ്രില്‍ 26 (വെളളി) വൈകുന്നേരം 6.30 മുതല്‍ മുന്‍തസ അബൂബക്കര്‍ സിദ്ധീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒരു ബഹുസ്വര സമൂഹത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായ  സൗഹ്യദം, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങളില്‍ ഖത്തറിലെ മലയാളി സമൂഹത്തെ ബോധവല്‍ക്കരിക്കുക, സ്യഹ്യദ കേരളത്തിന്റെ പൈത്യകം പ്രവാസി സമൂഹത്തില്‍ പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എഫ്.സി.സി ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. മലയാളിയുടെ നഷ്ടപ്പെട്ടു പോകുന്ന സൗഹൃദ സംസ്‌കാരം തിരിച്ച് പിടിക്കാനുളള ഒരു കൂട്ടായ ശ്രമം എന്ന നിലയിലും ഇത്തരാമൊരു സമ്മേളനത്തിന് ഏറെ പ്രസക്തിയുണ്ട്.

പത്ത് വര്‍ഷത്തിലധികമായി  പ്രവാസി മലയാളികള്‍ക്കിടയില്‍ ദോഹയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ കലാ സാഹിത്യ സാംസ്‌കാരിക സേവന പ്രവര്‍ത്തനങ്ങളിലൂടെ മാനവിക മൂല്യങ്ങളുടെ പരിപോഷണത്തിനും വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദവും പരസ്പര ബഹുമാനവും ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടിയാണ് നിലകൊള്ളുന്നത്. ഡി.ഐ.സി.ഐ.ഡിയാവട്ടെ വിവിധ മതാനുയായികള്‍ക്കിടയില്‍ സൗഹ്യദ സംവാദത്തിന് സ്വീകാര്യതയുണ്ടാക്കുന്നതിനും മത തത്വങ്ങളും അധ്യാപനങ്ങളും സമൂഹത്തിന് ഗുണകരമാവുംവിധം സംവാദത്തിന്റെ സംസ്‌കാരം പ്രചരിപ്പിക്കുന്നതിനും 2008 മുതല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇരു സംഘടനകളും സഹകരിച്ചുകൊണ്ടാണ് 'സൗഹ്യദ കേരളം' സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കുന്നത്.

അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭ സെക്രട്ടറി   ജനറല്‍ ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ ഖുറദാഗി, ഡോ. ഇബ്രാഹിം സ്വാലിഹ് അന്നുഐമി (ചെയര്‍മാന്‍, ഡി.ഐ.സി.ഐ.ഡി) ഖത്തര്‍ ചാരിറ്റി പ്രതിനിധി  തുടങ്ങി ഖത്തറിലെ പ്രമുഖര്‍ സംബന്ധിക്കും. കേരളത്തില്‍ നിന്നെത്തുന്ന റഫ: ഡോ: മന്നക്കരകാവില്‍ ഗീവര്‍ഗീസ് മാത്യു (മാര്‍ ഇവാന്യോസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍), സ്വാമി ഗുരുരത്‌ന ജഞാന തപസ്വി (ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം), തിരുവനന്തപുരം പാളയം പളളി ഇമാം മൗലവി ജമാലുദ്ധീന്‍ മങ്കട എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. മീഡിയ വണ്‍ ടി.വി എം.ഡി അബ്ദുസ്സലാം അഹമ്മദ് മോഡറേറ്ററായിരിക്കും. വിവിധ പ്രവാസി സംഘടന പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും. വിവിധ ആശയക്കാരും മതവിശ്വാസികളുമായ 1500 ഓളം മലയാളികള്‍ പരിപാടിയില്‍ സംബന്ധിക്കുും.

പത്രസമ്മേളനത്തില്‍ ഡി.ഐ.സി.ഐ.ഡി ചെയര്‍മാന്‍ ഡോ. ഇബ്രാഹിം സ്വാലിഹ് അന്നുഐമി, സംഘാടക സമിതി ചെയര്‍മാന്‍ ആവണി വിജയകുമാര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഹുസൈന്‍ കടന്നമണ്ണ, ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍  ഹബീബുറഹ്മാന്‍ കിഴിശ്ശേരി, സാമ്പത്തികവിഭാഗം കണ്‍വീനര്‍ ശംസുദ്ദീന്‍ ഒളകര, പസ് & പബ്ലിസിറ്റി കണ്‍വീനര്‍ താജ് ആലുവ എന്നിവര്‍ പങ്കെടുത്തു.




0 comments:

Post a Comment