April 20, 2013

കേരളത്തില്‍ സെക്‌സ് ടൂറിസം വ്യാപകമായി - കെ. അജിത


കേരളത്തിലെ വ്യവസായവും കാര്‍ഷിക സമ്പദ്ഘടനയും അനുദിനം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും തായ്‌ലന്റുപോലുള്ള ടൂറിസ്റ്റ് രാജ്യങ്ങളെ മാതൃകയാക്കി സെക്‌സ് ടൂറിസം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും അന്വേഷി പ്രസിഡന്റുമായ കെ. അജിത അഭിപ്രായപ്പെട്ടു.
ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ വര്‍ധിച്ചുവരുന്ന 'സ്ത്രീ പീഡനങ്ങളും പൊതുസമൂഹത്തിന്റെ സമീപനങ്ങളും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച വികസന നയമാണ് സെക്‌സ് ടൂറിസം. അതിനുവേണ്ടി മദ്യവും മയക്കുമരുന്നും സുലഭമാക്കുകയും പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ്. ഇത് തിരിച്ചറിയാന്‍ സമൂഹം തയാറാവണം.
കേരളത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന സിനിമപോലും പുരുഷാധിപത്യമൂല്യങ്ങളെയാണ് പ്രചരിപ്പിക്കുന്നത്.  സ്ത്രീ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളുടെ ഫലമായാണ് അവരുടെ അവകാശത്തിനു വേണ്ടിയുള്ള നിയമപ്രസ്ഥാനങ്ങളും പ്രതിരോധ മുന്നേറ്റങ്ങളും രൂപപ്പെട്ടത്. സ്ത്രീധന നിരോധന നിയമം എത്ര പരിഷ്‌ക്കരിക്കപ്പെട്ടിട്ടും സ്ത്രീധനമിന്നും സാമൂഹിക വിപത്തായി നിലനില്‍ക്കുന്നു. സ്ത്രീധന നിരോധന നിയമത്തില്‍ കൊടുക്കുന്നവരും വാങ്ങുന്നവനും ശിക്ഷിക്കപ്പെടുന്നതുകൊണ്ട് ഇത്തരത്തിലുള്ള കേസുകള്‍ പുറത്തുവരില്ലെന്നും അവര്‍ പറഞ്ഞു.
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്ഥാനവും പരിഗണനക്കുമനുസരിച്ചാണ് അവരെ സ്വതന്ത്ര വ്യക്തിത്വമുള്ളവരെന്ന നിലയില്‍ ബഹുമാനിക്കപ്പടുന്നത്. കേരളം പ്രബുദ്ധമാണെന്ന് പറയുമ്പോഴും സ്ത്രീപീഡനങ്ങളില്‍ മറ്റുള്ള സംസ്ഥാനങ്ങളോടൊപ്പമെത്തിനില്‍ക്കുന്നു. സ്ത്രീ ചൂഷണത്തിനെതിരെ ഉറച്ചുനില്‍ക്കുകയും സ്ത്രീകളുടെ പ്രശ്‌നങ്ങളെ രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരികയും വേണം. വേണ്ടരീതിയില്‍ നിയമങ്ങള് കൈകാര്യം ചെയ്യുന്നതില്‍ കോടതികളും സര്‍ക്കാറുകള്‍ രാഷ്ട്രീയ പാര്‍ട്ടിയും മുന്നോട്ടു വരണം - അവര്‍ പറഞ്ഞു.
എഫ്.സി.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചാ സദസ്സില്‍ എം.ടി. നിലമ്പൂര്‍, നാസര്‍ മാസ്റ്റര്‍, ശ്രീകല ടീച്ചര്‍, ഷീല ടോമി, ജോളി, പ്രദോശ്കുമാര്‍, രാജന്‍ ജോസഫ്, ബീജ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എഫ്.സി.സി കലാസാഹിത്യവേദി വിഭാഗം അസി. കണ്‍വീനര്‍ സി.ആര്‍. മനോജ് സമാപനം നിര്‍വഹിച്ചു.























0 comments:

Post a Comment