April 27, 2013

ആശയവൈവിധ്യങ്ങളുടെ സംഗമവേദിയായി സാംസ്‌കാരിക സമ്മേളനംഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ ദോഹ അന്താരാഷ്ട്ര മതസംവാദകേന്ദ്ര (ഡി.ഐ.സി.ഐ.ഡി) വുമായി സഹകരിച്ച് സംഘടിപ്പിച്ച 'സൗഹൃദകേരളം' സാംസ്‌കാരിക സമ്മേളനം വ്യത്യസ്ത ആശയധാരകളുടെ സംഗമവേദിയും പ്രവാസി മലയാളിയുടെ മാനവ സൗഹൗര്‍ദത്തിന്റെ നേര്‍ക്കാഴ്ചയുമായി. മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ നടന്ന പരിപാടി ഖത്തര്‍ ചാരിറ്റി ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഗാമിദി ഉദ്ഘാടനം ചെയ്തു.

വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുളള ആശയ സംവാദം സമൂഹത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമാണെന്ന് ഗാമിദി അഭിപ്രായപ്പെട്ടു. ഇത്തരം സംവാദങ്ങള്‍ പരസ്പര ബഹുമാനത്തോടും ആദരവോടുമായിരിക്കണം. ആശയ സംവാദങ്ങള്‍ ചര്‍ച്ചകളിലും പ്രബന്ധങ്ങളിലും മാത്രം ഒതുങ്ങരുതെന്നും സഹവാസത്തിലും സഹകരണത്തിലും അതിന്റെ ഗുണഫലങ്ങള്‍ പ്രകടമാകണമെന്നും ഗാമിദി പറഞ്ഞു. ഡി.ഐ.സി.ഐ.ഡി ചെയര്‍മാന്‍ ഡോ. ഇബ്രാഹിം സ്വാലിഹ് അന്നുഐമി അധ്യക്ഷത വഹിച്ചു. മതസംവാദങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഖത്തര്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറെ വലുതാണെന്നും കഴിഞ്ഞ ദിവസം സമാപിച്ച മത സംവാദ സമ്മേളനം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാകവി ഇഖ്ബാലിന്റെയും ടാഗോറിന്റെയും നാടാണ് ഇന്ത്യയെന്നും ഇന്ത്യയെക്കുറിച്ച് പഠനകാലത്ത് തന്നെ ഏറെ കേട്ടിട്ടുണ്ടെന്നും ആശംസ അര്‍പ്പിച്ച ഖത്തര്‍ ചാരിറ്റി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് മേധാവി ഡോ. ഇസ്സാം ഹില്‍മി തുലൈമ പറഞ്ഞു. സൗഹൃദവും സഹോദര്യവും പ്രചരിപ്പിക്കാനുള്ളള ഏത് ശ്രമവും പിന്തുണ അര്‍ഹിക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെന്ന് പ്രമുഖ വ്യവസായിയും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്‌ളോബല്‍ പ്രസിഡന്റുമായ പത്മശ്രീ അഡ്വ. സി.കെ മേനോന്‍ പറഞ്ഞു. ഫരീദ് സിദ്ധീഖി (ഖത്തര്‍ ചാരിറ്റി), ഖാലിദ് അഹമ്മദ് ഫഖ്‌റു (ഖത്തര്‍ ചാരിറ്റി), എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി എന്നിവരും ആശംസ അര്‍പ്പിച്ചു. ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര, വ്യവസായ പ്രമുഖന്‍ കെ. മുഹമ്മദ് ഈസ, ടി.കെ ഇബ്രാഹിം ടൊറന്‍േറാ എന്നിവരും സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ ഫാ. ഡോ: മന്നക്കരകാവില്‍ ഗീവര്‍ഗീസ് മാത്യു (തിരുവനന്തപുരം മലങ്കര കാത്തലിക് ചര്‍ച്ച്), സ്വാമി ഗുരുരത്‌നം ജഞാനതപസ്വി ( ഓര്‍ഗനൈസിങ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം), തിരുവനന്തപുരം പാളയംഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. മീഡിയ വണ്‍ ടി.വി എം.ഡി അബ്ദുസ്സലാം അഹമദ് മോഡറേറ്ററായിരുന്നു. സംഘാടക സമിതി ചെയര്‍മാന്‍ ആവണി വിജയകുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഹുസൈന്‍ കടന്നമണ്ണ നന്ദിയും പറഞ്ഞു. അബ്ദുല്ല മന്‍സൂര്‍ ഖുര്‍ആന്‍ പാരായണം നടത്തി. ഷബിന്‍ അലിയും സംഘവും കവിത അവതരിപ്പിച്ചു. നിസ്താര്‍ ഗുരുവായൂര്‍ ആന്റ് പാര്‍ട്ടി ഗാനങ്ങള്‍ ആലപിച്ചു. സ്ത്രീകളടക്കം പ്രവാസജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരാല്‍ സദസ്സ് നിറഞ്ഞുകവിഞ്ഞു.


0 comments:

Post a Comment