June 2, 2013

പുതിയ കാലം തേടുന്നത് ബഹുസ്വരയുടെ പൊതു ഇടങ്ങള്‍ - എഫ്.സി.സി. ചര്‍ച്ച



ആശയ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിത്തന്നെ എല്ലാവരേയും ഉള്‍കൊള്ളിക്കാന്‍ പറ്റിയ വിശാല ജനാധിപത്യ ഇടമാണ് വസന്താനന്തര ലോകത്ത് രൂപപ്പെട്ടുവരുന്നത്. സമകാലിക പൊതു ഇടങ്ങളിലെ സാമൂഹിക വികാസപ്രവര്‍ത്തനങ്ങളില്‍ മതേതര കൂട്ടായ്മകള്‍ക്കും വിമോചനാത്മക മതദര്‍ശനങ്ങള്‍ക്കും ഇടമുണ്ടെന്ന് എഫ്.സി.സി ചര്‍ച്ചാവേദി സംഘടിപ്പിച്ച 'സമകാലിക സമസ്യകള്‍: ഒരു വിശകലനം' ചര്‍ച്ചാ സായാഹ്നത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ലോകത്തെ വൈജ്ഞാനിക സംവാദങ്ങളില്‍ വമ്പിച്ച വികാസമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വിശ്വാസാധിഷ്ടിത വികസനം ചര്‍ച്ചകളില്‍ ഉയര്‍ന്നു നില്‍ക്കുന്നുവെന്നും ചര്‍ച്ചയില്‍ ആമുഖഭാഷണം നടത്തിയ ബോധനം ത്രൈ്മാസിക പത്രാധിപര്‍ ശിഹാബ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. ജനസ്വാതന്ത്ര്യത്തില്‍ വലിയ കൈയ്യേറ്റം സംഭവിച്ച തുര്‍ക്കി പോലുള്ള രാജ്യങ്ങള്‍ അക്കാദമിക ലോകത്ത് വലിയ പരിവര്‍ത്തനം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ആധുനികതയ്ക്ക് ശേഷം രൂപപ്പെട്ട സാമൂഹിക വികാസങ്ങളില്‍ മതേതര സംഘങ്ങള്‍ക്ക് പങ്കുള്ളതുപോലെ ആധുനികതക്ക് മുമ്പുള്ള കേരളത്തെ രൂപപ്പെടുത്തുന്നതില്‍ മതമൂല്യങ്ങള്‍ക്കും പങ്കുണ്ട്. യൂറോപ്പിലും ആഫ്രിക്കന്‍ നാടുകളിലും സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ മത മതേതര ശക്തികളുടെ ഐക്യമാണ്  ഇപ്പോള്‍ കാണുന്നത്. ഇന്ത്യയെ പോലുള്ള രാജ്യത്ത് ഇത്തരം ഐക്യത്തിന് വലിയ സാധ്യതകളുണ്ട് അദ്ദേഹം പറഞ്ഞു. 

പുതിയകാലത്ത് മതങ്ങള്‍ വഹിക്കുന്ന പങ്ക്, ലോകത്തുടനീളം ഇടതു പക്ഷങ്ങളുടെ സാംസ്‌കാരിക ഇടപെടലുകള്‍, കേരളത്തിലെ ഇടത്പക്ഷ രീതിശാസ്ത്രം, കേരളത്തിലെ സമരങ്ങളുടെ വര്‍ത്തമാനം, സാമ്രാജ്യത്വ ഭീകരത, ജനാതിപത്യത്തിന്റെ അനിവാര്യത മാനുഷിക മൂല്യങ്ങളുടെ പ്രസക്തി തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു.    

എഫ്.സി.സി. എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹബീബുറഹിമാന്‍ കിഴിശ്ശേരി പരിപാടി നിയന്ത്രിച്ചു. നാമൂസ്, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, കെ.ടി. മുബാറക്, നവാസ് മുക്രിയകത്ത്, സജീവ് ധര്‍മന്‍, വി.കെ.എം. കുട്ടി, അബ്ദുല്‍ അസീസ് കൂളിമുട്ടം, പ്രദോഷ് കുമാര്‍, സമീര്‍ കാളികാവ്, അന്‍വര്‍, അഹമ്മദ്, ഹകീം പെരുമ്പിലാവ്, മുനീര്‍, ജബ്ബാര്‍, അഷറഫ് ഉളിയില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.













0 comments:

Post a Comment