June 6, 2013

സമൂഹത്തെ മാനവികമാക്കുന്നത് വായന - ഫാറൂഖ് അബ്ദുര്‍റഹ്മാന്‍



ഏതൊരു സമൂഹത്തേയും മാനവികമാക്കുന്നത് വായനയാണ്. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ജീവിത ദുരന്തത്തിന് വായനയുടെ അഭാവം കാരണമായിട്ടുണ്ട്. നമ്മുടെ വീടിനെയും കുടുംബത്തെയും വായനയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് കേരളത്തിന്റെ പരമ്പരാഗത മൂല്യബോധം തിരിച്ചുപിടിക്കാന്‍ സാധ്യമാവുകയുള്ളൂ എന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഫാറൂഖ് അബ്ദുര്‍റഹ്മാന്‍ അഭിപ്രായപ്പെട്ടു.
എഫ്.സി.സി. കാഴ്ചയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക് മാധ്യമങ്ങളും ടി.വി ചാനലുകളും കേരളീയ സമൂഹത്തിന്റെ മൂല്യച്യുതിക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കളിയച്ഛന്‍ സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് അ്‌ദ്ദേഹം മറുപടി നല്‍കി. കവി. പി. കുഞ്ഞിരാമന്‍ നായരുടെ 'കളിയച്ഛന്‍' എന്ന കവിതയും ജീവിതവുമാണ് തന്റെ സിനിമക്ക് ആധാരം. നമ്മുടെ ലബ്ധ പ്രതിഷ്ഠരായ മഹാകവികള്‍ക്ക് സ്വാര്‍ഥവും സ്വകാര്യവുമായ ചില ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നു. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു വിശുദ്ധമായ കാവ്യജന്മമായിരുന്നു പി.യുടേത്. ഏകാന്ത പഥികനായ അദ്ദേഹത്തിന്റെ ജീവിതമാണ് ചലച്ചിത്രകാരനായ തന്നെ 'കളിയച്ഛന്‍' ചെയ്യാന്‍ പ്രേരിപ്പിച്ചത്. തന്റെ സിനിമ നേരിട്ടുള്ള വിപ്ലവമല്ലെന്നും അതൊരു കലാ സൃഷ്ടി മാത്രമാണെന്നും എന്നാല്‍ മാതൃത്വത്തിന്റെ മഹത്വവും പുഴയും പ്രകൃതിയും ഇല്ലാതാവുന്നതിന്റെ അശങ്കളും ശക്തമായ സ്ത്രീ പ്രതിനിധാനമെന്ന നിലയിലെ ദേവു എന്ന സ്ത്രീ കഥാപാത്രവുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണയോഗത്തില്‍ എഫ്.സി.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹിമാന്‍ കിഴിശ്ശേരി ആമുഖഭാഷണം നടത്തി. എഫ്.സി.സി കലാസാഹിത്യവേദി കണ്‍വീനര്‍ സി.ആര്‍. മനോജ്, റഫീഖ് മേച്ചേരി, അബ്ദുല്‍ അസീസ് കൂളിമുട്ടം, നവാസ് മുക്രിയകത്ത്, സലാം കോട്ടക്കല്‍, ഇബ്രാഹിം പൊടിയാടി, അബ്ദുര്‍റഹ്മാന്‍ പുറക്കാട്, എം.ടി. നിലമ്പൂര്‍, റഫീഖുദ്ദീന്‍  പാലേരി, ജബ്ബാര്‍ കോട്ടക്കല്‍, റഫീഖ് പുറക്കാട് എന്നിവര്‍ പങ്കെടുത്തു.
















0 comments:

Post a Comment